ദേശീയം
ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനുകളും
ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനുകളും. ഐആര്‍ടിസിയാണ് പുതിയ ട്രെയിന്‍ സര്‍വ്വീസിന് തുടക്കം കുറിക്കുന്നത്. ജ്യോതിര്‍ലിംഗയിലേക്കും ഏകതാ പ്രതിമയിലേക്കുമുള്ള എസി ഡീലക്‌സ് സര്‍വ്വീസുകള്‍ ഫെബ്രുവരി 27 ന് ആരംഭിക്കും.
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ദേഖോ അപ്‌നാ ദേശ് എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന ട്രെയിന്‍ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളായ മഹാകാലേശ്വര്‍, ഓംകാരേശ്വര്‍ എന്നിവിടങ്ങളിലും ഗുജറാത്തിലെ കൊവാഡിയയിലുള്ള ഏകതാ പ്രതിമയിലേക്കുമാണ് സര്‍വ്വീസ് നടത്തുന്നത്.
ഡല്‍ഹി, സഫ്ദര്‍ഗഞ്ച്, മഥുര, ഗ്വാളിയോര്‍, ആഗ്ര എന്നീ സ്‌റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തും.
അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച ട്രെയിനില്‍ ഫുട് മസാജിംഗ് സംവിധാനം, രണ്ടു ഡൈനിംഗ് റെസ്റ്റോറന്റുകള്‍, ആധുനിക അടുക്കള, സെന്‍സര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശൗചാലയങ്ങള്‍ എന്നിവയെല്ലാം ട്രെയിനില്‍ ഉണ്ടാകും.
ഫസ്റ്റ് എസി, സെക്കന്റ് എസി സംവിധാനം, സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകള്‍ എന്നിവയാണ് ട്രെയിന്റെ മറ്റ് സവിശേഷതകള്‍. കൂടുതല്‍ സുരക്ഷയ്ക്കായി സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്. ട്രെയിന്‍ നിരക്കിന് പുറമെ ഓണ്‍ ബോര്‍ഡ്, ഓഫ് ബോര്‍ഡ് ഭക്ഷണം, അതാത് സ്ഥലങ്ങളില്‍ ഹോട്ടല്‍ മുറികളിലെ താമസം, എസി ബസില്‍ ഉല്ലാസ യാത്രകള്‍ എന്നിവയും ഐആര്‍ടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.