ദേശീയം
ബസിലും മെട്രോയിലും നൂറുശതമാനം യാത്രക്കാര്‍; തീയേറ്ററുകള്‍ തുറക്കാം; ഡല്‍ഹിയില്‍ കൂടുതൽ ഇളവുകള്‍
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ ബസ്സുകള്‍ക്കും ഡല്‍ഹി മെട്രോയ്ക്കും നൂറു ശതമാനം ആളുകളുമായി സര്‍വീസ് നടത്താം.
സിനിമ തീയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാം. ഇവിടെ അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ബസുകളില്‍ കയറുന്ന യാത്രക്കാര്‍ പുറകുവശത്തുകൂടി കയറി മുന്‍വാതിലില്‍ക്കൂടി ഇറങ്ങണം.
നിന്നുള്ള യാത്ര അനുവദിക്കില്ല. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് നൂറുപേര്‍ക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുവേണം ചടങ്ങുകള്‍ നടത്തേണ്ടത്.
ഓഡിറ്റോറിയങ്ങളും അസംബ്ലി ഹാളുകളും തുറക്കാം. ഇവിടങ്ങളില്‍ അമ്പതുശതമാനം ആളുകള്‍ക്ക് പ്രവേശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കോവിഡ് വര്‍ധനവും കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യജതലസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.