ദേശീയം
കൊവിഡ് വ്യാപനം; 9, 11 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് പരീക്ഷകള്‍ റദ്ദാക്കിയ കാര്യം പ്രഖ്യാപിച്ചത്.
ഏപ്രില്‍ 12ന് ഒന്‍പത്, 11 ക്ലാസുകാര്‍ക്കുള്ള പരീക്ഷ നീട്ടി വയ്ക്കുന്നതായി തീരുമാനിച്ചിരുന്നു. നേരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം. ‘സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടതില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയം എപ്രകാരം നടത്താന്‍ തീരുമാനിച്ചുവോ അതേ മാനദണ്ഡം തന്നെയായിരിക്കും ഒന്‍പത്, 11 ക്ലാസുകാര്‍ക്കും’- മനീഷ് സിസോദിയ വ്യക്തമാക്കി.
സ്വകാര്യ സ്കൂളുകള്‍ക്ക് അര്‍ധ വാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഈ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കാം. സര്‍ക്കാര്‍ സ്കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും മൂല്യം നിര്‍ണയിക്കാം.
മുഴുവന്‍ വിഷയങ്ങളില്‍ അര്‍ധ വാര്‍ഷിക പരീക്ഷകളടക്കമുള്ളവ നടത്താന്‍ സാധിക്കാതെ കുറച്ച് വിഷയങ്ങളില്‍ മാത്രമാണ് പരീക്ഷ നടത്തിയതെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും സ്കൂളുകള്‍ക്ക് മൂല്യ നിര്‍ണയം നടത്താം. ഒരു പരീക്ഷയും എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.