കേരളം
പരാതികളിൽ കേസ് എടുക്കാൻ വൈകുന്നു; പാലരിവട്ടം എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തു
പരാതികളിൽ കേസ് എടുക്കാൻ വൈകുന്നു എന്ന ആരേപണങ്ങളെ തുടർന്ന് പാലരിവട്ടം എസ്എച്ച്ഒ ജോസഫ് സാജനെ സസ്പെന്റ് ചെയ്തു. യൂസ്ഡ് കാർ തട്ടിപ്പിൽ കേസ് എടുക്കുന്നതിലെ വീഴ്ചകളും ജോസഫ് സാജനെതിരെ നേരത്തെ ഉയർന്നിരുന്നു.
കോവിഡ് കാലത്തായിരുന്നു യുസ്ഡ് കാർ തട്ടിപ്പ് വ്യാപകമായി ഉണ്ടായിരുന്നത്. ചെറുകാറുകളുടെ വില്‍പ്പനയും സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പനയും ഇതിനെത്തുടർന്ന് കുതിച്ചുയർന്നിരുന്നു. എന്നാല്‍ ജനങ്ങളുടെ ഈ ആവശ്യകത മുതലാക്കി വാഹന തട്ടിപ്പുകളും വർധിച്ചിരുന്നു. മറ്റാരുടെയെങ്കിലും വാഹനങ്ങളുടെ ചിത്രങ്ങൾ ഓൺലൈൻ സൈറ്റുകളിൽ നൽകി “വിൽക്കാനുണ്ട് ” എന്ന പരസ്യം നൽകുന്നതായിരുന്നു തട്ടിപ്പിന്റെ ആദ്യ പടി.
സാധാരണയായി ആ വാഹനത്തിന് ലഭിക്കാവുന്ന റീ സെയിൽ വിലയെക്കാൾ കുറവായിരിക്കും പരസ്യത്തിലെ വില. പരസ്യത്തിൽ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പരിലേക്ക് വിളിച്ചാൽ വിളിച്ചാളുടെ വാട്സ് ആപ് നമ്പർ വാങ്ങി അതിലേക്ക് വാഹനത്തിന്റെ കൂടുതൽ ഫോട്ടോകൾ അയക്കും. താൽപര്യമുണ്ടെങ്കിൽ മാത്രം തിരിച്ചു വിളിക്കാനാവശ്യപ്പെടുകയും ചെയ്യും. താൽപര്യം തോന്നി തിരികെ വിളിച്ചാൽ താൻ ഏതെങ്കിലും യൂണിഫോം വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്നും അപ്രതീക്ഷിത ട്രാൻസ്ഫർ ആയതിനാലാണ് വില അല്‍പം കുറച്ച് വിൽക്കുന്നതെന്നും മറുപടി ലഭിക്കും. വാഹനം നേരിട്ടു കാണാൻ ചോദിച്ചാൽ കോവിഡ് കാരണം ജോലി ചെയ്യുന്ന ക്യാമ്പിലും മറ്റും പുറത്തു നിന്നും ആരെയും കയറ്റില്ല എന്നായിരിക്കും വിശദീകരണം.