ദേശീയം
സൈനികരും കുടുംബവും ചൈനീസ് ഫോണുകള്‍ ഉപയോഗിക്കാൻ പാടില്ല; ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്ന് നിർദേശം
അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കേ, സൈനികരും കുടുംബവും ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സൈനികര്‍ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
ചൈനീസ് ഫോണുകളില്‍ മാല്‍വെയര്‍ അടക്കം കണ്ടെത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചൈനീസ് ഫോണുകള്‍ക്കെതിരെയുള്ള ജാഗ്രത സൈനികര്‍ തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വിവിധ തലങ്ങളിലൂടെ എപ്പോഴും ഓര്‍മ്മപ്പെടുത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചു.
ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളുടെ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് സൈനികരെയും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ സൈനികരുടെ ഫോണുകളില്‍ നിന്ന് സംശയാസ്പദമായി തോന്നിയ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ഫോണുകളും ചൈനീസ് ആപ്പുകളും ഉപയോഗിക്കുന്നത് സൈനികര്‍ നിര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ഒാപ്പോ, ഷവോമി, വണ്‍ പ്ലസ് തുടങ്ങി നിരവധി ചൈനീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.