ദേശീയം
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളില്‍ മാറ്റം; ‘ഇ- മാന്‍ഡേറ്റ്’പരിധി 15,000 രൂപയായി ഉയര്‍ത്തി
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ വരിസംഖ്യകള്‍ അടയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇടപാട് പരിധി 5000 രൂപയില്‍ നിന്ന് 15000 രൂപയായാണ് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനത്തിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.
ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയാണ് ഇ- മാന്‍ഡേറ്റിന് റിസര്‍വ് ബാങ്ക് ചട്ടം രൂപീകരിച്ചത്. മാസംതോറുമോ വര്‍ഷത്തിലോ എന്നിങ്ങനെ വ്യത്യസ്ത ഇടവേളകളില്‍ പതിവായുള്ള ഇടപാടുകള്‍ക്ക് വെബ് സൈറ്റ് , മൊബൈല്‍ ആപ്പ് തുടങ്ങിയവയ്ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുടമകള്‍ നല്‍കുന്ന നിര്‍ദേശമാണ് ഇ- മാന്‍ഡേറ്റ്.
ഒടിടി പ്ലാറ്റ് ഫോമുകള്‍, ഇന്‍ഷുറന്‍സ്, ഗ്യാസ്, വൈദ്യുതി ബില്ലുകള്‍, വിവിധ വരിസംഖ്യകള്‍, വിദ്യാഭ്യാസ ഫീസ് തുടങ്ങി വിവിധ ഇടപാടുകള്‍ നടത്തുന്നതിനാണ് ഇ-മാന്‍ഡേറ്റ് നല്‍കുന്നത്. വിവിധ സേവനങ്ങള്‍ക്ക് പണം അടയ്ക്കുന്നതിന് സമയമായി എന്ന് കാണിച്ച് വിവിധ സേവനദാതാക്കള്‍ നല്‍കുന്ന സന്ദേശത്തിന് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കാന്‍ ഇ- മാന്‍ഡേറ്റ് വഴി അനുമതി നല്‍കുന്നതാണ് രീതി. ഇത്തരം ഇടപാടുകളുടെ പരിധിയാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്.