ദേശീയം
കോവിഡ് കേസുകളിലെ വര്‍ദ്ധനവ്; ദസറ സമയത്ത് മൈസൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ചു
കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, നഗരത്തിലും പരിസരത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ പ്രവേശിക്കുന്നത് നിരോധിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.ദസറ ഡെപ്യൂട്ടി സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി വി സിന്ധുരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് തീരുമാനിച്ചത്.
ജില്ലയിലും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ദസറ സമയത്ത് സന്ദര്‍ശിക്കരുതെന്ന് വിനോദസഞ്ചാരികളോട് ഡെപ്യൂട്ടി കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. ”കൊട്ടാരം, മൃഗശാല, നഞ്ചന്‍ഗുഡ് ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 01 വരെ അടച്ചിടുമെന്ന് ഡി സി അറിയിച്ചു. ചാമുണ്ഡി ക്ഷേത്രം ഒക്ടോബര്‍ 14 അര്‍ദ്ധരാത്രി മുതല്‍ അടച്ചിരിക്കുന്നു.
കെആര്‍എസ്, രംഗനതിട്ടു പക്ഷിസങ്കേതം, നിമിഷമ്പ ക്ഷേത്രം, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം തടയാന്‍ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.