ദേശീയം
രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂട്ടി. 19 കിലോ വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 73 രൂപ 50 പൈസയാണ്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1,623 രൂപയായി. ഈ വർഷം മാത്രം സിലിണ്ടറിന് വർധിപ്പിച്ചത് 303 രൂപയാണ്.
എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിർണ്ണയം നടത്തുന്നത്. ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു.
19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ 1422, 1544, 1603 എന്നിങ്ങനെയായിരുന്നു അന്ന് വില.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 841 രൂപ 50 പൈസയാണ്.