കേരളം
കളമശേരിയിൽ അനധികൃത ദത്ത് നടപടി നിർത്തിവച്ച് സി.ഡബ്ല്യു.സി; കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം വേണമെന്ന് അമ്മ
കളമശേരിയിൽ അനധികൃത ദത്ത് നൽകിയ കുഞ്ഞിൻ്റെ ദത്ത് നടപടികൾ നിർത്തിവച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം നൽകണമെന്ന് യഥാർത്ഥ മാതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. സാഹചര്യങ്ങൾ കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ നൽകേണ്ടി വന്നതെന്നും അമ്മ സി.ഡബ്ല്യു.സിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരായാണ് കുഞ്ഞിൻ്റെ യഥാർത്ഥ അമ്മ മൊഴി നൽകിയത്. താൻ വിവാഹിതയല്ലെന്നും, സാഹചര്യം കൊണ്ടാണ് കുഞ്ഞിനെ നൽകേണ്ടി വന്നതെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. താൽക്കാലികമായി കുഞ്ഞിനെ സി.ഡബ്ല്യു.സി സംരക്ഷിച്ചാൽ മതിയെന്നും മാതാവ് മൊഴി നൽകി.
താനും പങ്കാളിയും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടിയെ ഏറ്റെടുക്കാം. കുഞ്ഞിൻ്റെ കാര്യത്തിൽ ഒരാഴ്ചക്കുളിൽ തീരുമാനം അറിയിക്കാമെന്നും അമ്മ വ്യക്തമാക്കി. ഇതിന് പിന്നാലെ സി.ഡബ്ല്യു.സി ചെയർമാൻ ദത്ത് നടപടികൾ നിർത്തിവയ്ക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് നിർദേശം നൽകിയത്.