കേരളം
ആർത്തവ ദിനങ്ങളിൽ അവധി; ഹാജർ ഇളവ് നൽകാൻ കുസാറ്റ്
വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാർഥിനികൾക്കുണ്ടാകുക. കേരളത്തിൽ ആദ്യമായാണ് ആർത്തവ അവധി പരിഗണിക്കുന്നത്.
സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തിൽ കുറവ് ഹാജരുള്ളവർ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്. എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി.
അതേസമയം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ വേദന വനിതാ ജീവനക്കാരുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി കമ്പനികള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ആര്‍ത്തവ അവധികള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
‘സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 – ലംഘനമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്ത്രീകളെ വ്യത്യസ്തമായിട്ടാണ് പരിഗണിക്കുന്നത്. ഒരേ പൗരത്വം ഉളള സ്ത്രീകൾ തുല്യമായി പരിഗണിക്കപ്പെടുകയും തുല്യ അവകാശം നല്‍കുകയും വേണം’- എന്നും ഹര്‍ജിയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട്, സ്ത്രീകളുടെ ലൈംഗിക, പ്രത്യുല്പാദന, ആര്‍ത്തവ അവകാശ ബില്‍ 2018ല്‍ ഡോ. ശശി തരൂര്‍ അവതരിപ്പിച്ചിട്ടുള്ളതായും ഹര്‍ജി ചൂണ്ടിക്കാട്ടി. 2022-ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ആര്‍ത്തവ ആനുകൂല്യ ബില്‍- 2017 അവതരിപ്പിച്ചെങ്കിലും, ഇത് ഒരു ‘അൺക്ലീൻ’ വിഷയമാണെന്ന് പറഞ്ഞ് നിയമസഭ അത് അവഗണിക്കുകയായിരുന്നു.
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (ലീവ്) റൂള്‍സ് 1972-ല്‍ ആര്‍ത്തവ അവധിക്കുള്ള വ്യവസ്ഥകളൊന്നും നിലവില്‍ ഇല്ലെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞതായും ഹര്‍ജി ചൂണ്ടിക്കാട്ടി. യുകെ, വെയില്‍സ്, ചൈന, ജപ്പാന്, തായ്വാന്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്പെയിന്, സാംബിയ എന്നീ രാജ്യങ്ങള്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.