കേരളം
ചത്ത കടുവയെ ആദ്യം കണ്ട ഹരിയുടെ മരണം: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
അമ്പുകുത്തിയിലെ ഹരികുമാറിന്‍റെ മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് കണ്ടെത്താൻ വനം വകുപ്പ് വിജിലൻസ് സി സി എഫ് വയനാട്ടിലെത്തി. കടുവ ചത്ത കേസിൽ സാക്ഷിയായ ഹരികുമാർ ആത്മഹത്യ ചെയ്തത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണെന്നാണ് പരാതി. കുടുംബത്തിന്‍റെ പരാതിയിൽ മൂന്ന് സംഘങ്ങളാണ് അന്വേഷണം നടത്തുക.
വനം വകുപ്പും പോലീസും ജില്ലാ ഭരണകൂടവും വെവ്വേറെ കേസ് അന്വേഷിക്കും. ഹരികുമാറിന്‍റെ അസ്വഭാവിക മരണത്തിൽ അമ്പലവയൽ പോലീസ് കേസെടുത്തിരുന്നു. കേസിൽ വനം ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് മേഥാവി ആർ ആനന്ദ് അറിയിച്ചു. പ്രധാന തെളിവായ ഹരികുമാറിന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
വകുപ്പുതല അന്വേഷണത്തിനായി വനം വിജിലൻസ് സി സി എഫ് നരേന്ദ്ര ബാബു വയനാട്ടിലെത്തി. മേപ്പാടി റെയ്ഞ്ച് ഓഫീസിലെ വനപാലകാരിൽ നിന്ന് വിവരങ്ങൾ തേടും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹരിയുടെ ഭാര്യ ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്നതിനിടെ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.