കേരളം
സിപിഎമ്മില്‍ കടുത്ത നടപടി; പി വി ശ്രീനിജിന്‍ സ്പോർട്സ് കൗൺസിലിൽ നിന്ന് പുറത്ത്
കുന്നത്തുനാട് എംഎല്‍എയും സിപിഎം നേതാവുമായ പി വി ശ്രീനിജിനെ എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഎം തീരുമാനം. എംഎല്‍എ സ്ഥാനത്തിനൊപ്പം മറ്റ് ഭാരവാഹിത്വം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. അടുത്ത സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിജിനെ ഒഴിവാക്കണമെന്നാണ് ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.സ്‌കൂള്‍ ഗ്രൗണ്ട് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് വിവാദമായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ച് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്‌കൂളിലെ ഗേറ്റ് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് പി വി ശ്രീനിജിനെതിരെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരുന്നു. സെലക്ഷനെത്തിയ നൂറിലധികം കുട്ടികളാണ് ഗേറ്റിന് പുറത്ത് കാത്തുനിന്നത്. പ്രതിഷേധമുയര്‍ന്നതോടെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. അന്ന് ഗേറ്റ് അടച്ചത് താനല്ലെന്നായിരുന്നു ശ്രീനിജിന്റെ വിശദീകരണം.
മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവ് പികെ അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അനില്‍കുമാറിനെ സിഐടിയു സംഘടനാച്ചുമതലയില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായാണ് സിപിഎം വിലയിരുത്തല്‍. ലളിത ജീവിതം തൊഴിലാളി നേതാക്കള്‍ക്കും ബാധകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ എകെ ബാലനും ടിപി രാമകൃഷ്ണും പി രാജീവും യോഗത്തില്‍ പങ്കെടുത്തു.
സിപിഎം അംഗവും കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേസ് യൂണിയന്റെ സെക്രട്ടറിയുമായുള്ള പികെ അനില്‍കുമാര്‍ മിനി കൂപ്പര്‍ വാങ്ങിയത് വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. 50 ലക്ഷത്തോളം രൂപ നല്‍കിയാണ് സിഐടിയു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത്. മിനി കൂപ്പര്‍ വാങ്ങിയത് തന്റെ ഭാര്യയാണെന്നായിരുന്നു അനില്‍കുമാറിന്റെ ന്യായീകരണം. തന്റെ മകന്റെ ആഗ്രഹത്തിനനുസരിച്ച് ജന്മദിനത്തിലാണ് കാര്‍ വാങ്ങിയതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.
കാര്‍ വാങ്ങിയത് പാര്‍ട്ടിക്കും സിഐടിയുവിനും അവമതിപ്പ് ഉണ്ടാക്കിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതേതുടര്‍ന്ന് സിഐടിയുവിന്റെ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. സിഐടിയു നേതൃത്വം യോഗം ചേര്‍ന്നാണ് തീരുമാനം നടപ്പാക്കേണ്ടത്.