ദേശീയം
‘കോവിഡ് മനുഷ്യ നിർമിതം; വൈറസ് ചോർന്നത് വുഹാനിലെ ലാബിൽ നിന്നെന്ന് വെളിപ്പെടുത്തൽ
നിരവധി പേരുടെ ജീവനപഹരിച്ച കോവിഡ് മഹാമാരിക്കു കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബിൽ നിന്ന് ചോർന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ. വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി) യിൽ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിർമിതമാണെന്നും ലാബിൽ നിന്ന് ചോർന്നതാണെന്നും വ്യക്തമാക്കി രംഗത്തെത്തിയത്.
ഇപ്പോൾ യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്റേതാണു വെളിപ്പെടുത്തൽ. മനുഷ്യ നിർമിതമായ കൊറോണ വൈറസ് രണ്ട് വർഷം മുൻപ് വുഹാൻ ലാബിൽ നിന്ന് അബദ്ധത്തിൽ പുറത്തു പോയതാണെന്നാണു ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിലാണ് സാംക്രമിക രോഗ ഗവേഷകനായ ആൻഡ്രൂ ഹഫ് ഇക്കാര്യം പറയുന്നത്.
കോവിഡ് ലോകമാകെ പടർന്നതോടെ വുഹാൻ ലാബ് സംശയനിഴലിലായിരുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വുഹാൻ ലാബിനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ ചൈന അതെല്ലാം നിഷേധിച്ചിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ ലാഭരഹിത സംഘടന ഇക്കോ ഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു ഹഫ്. വുഹാൻ ലാബിൽ മതിയായ സുരക്ഷയൊരുക്കാതെ ചൈന നടത്തിയ പരീക്ഷണങ്ങളാണു കോവിഡിനു കാരണമെന്നു ഹഫ് ആരോപിക്കുന്നു.
യുഎസ് സര്‍ക്കാരിന്റെ സഹായത്തോടെ വുഹാന്‍ ലാബില്‍ കൊറോണ വൈറസുകളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന്റെ അനന്തര ഫലമാണ് സാര്‍സ്- കോവി- 2 എന്ന് ഹഫ് തന്റെ പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ബ്രട്ടീഷ് പത്രമായ ‘ദി സണ്‍’ പ്രസിദ്ധീകരിച്ചു. വിദേശങ്ങളിലെ ലാബുകളിൽ മിക്കതിനും മതിയായ നിയന്ത്രണ സംവിധാനങ്ങളില്ലെന്ന് ഹഫ് പറയുന്നു.
സുരക്ഷാ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാത്തതാണു വുഹാൻ ലാബിൽ നിന്നു വൈറസ് ചോർച്ചയുണ്ടാക്കിയത്. ആദ്യ ദിനം മുതൽ ഇക്കാര്യം ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോ ടെക്നോളജി ചൈനയ്ക്കു കൈമാറിയതിൽ യുഎസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങൾ തന്നെ ഭയപ്പെടുത്തിയെന്നും ഹഫ് വ്യക്തമാക്കി.