ദേശീയം
കോവാക്‌സിന്‍ ഫെബ്രുവരിയോടെ പുറത്തുവരും; നല്ല ഫലപ്രാപ്തിയെന്ന് പഠനം
കോവിഡ് സാധ്യതാ വാക്‌സിന്‍ കണക്കുകൂട്ടിയതിലും നേരത്തേ പുറത്തുവരുമെന്നു സൂചന.
ഐ.സി.എം.ആറുമായി സഹകരിച്ച് സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനാണ് രാജ്യത്തിനു പ്രതീക്ഷയാകുന്നത്.
2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തദ്ദേശീയ വാക്‌സിന്‍ വരുമെന്നാണ് കരുതുന്നത്.
അവസാനഘട്ട പരീക്ഷണങ്ങള്‍ ഈ മാസം ആരംഭിക്കുമെന്നും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഇതുവരെയുള്ള പഠനമെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘വാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ട്.
അടുത്ത ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് തുടക്കത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ’ കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ മുതിര്‍ന്ന ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന്‍ രജനികാന്ത് പറഞ്ഞു.
മൂന്നാംഘട്ട പരീക്ഷണങ്ങള്‍ അവസാനിക്കും മുന്‍പുതന്നെ ആളുകള്‍ക്ക് കോവാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാമോ എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്ന് ഐ.സി.എം.ആറിന്റെ റിസര്‍ച്ച് മാനേജ്മെന്റ്, പോളിസി, പ്ലാനിങ്, കോര്‍ഡിനേഷന്‍ സെല്‍ മേധാവി കൂടിയായ രജനികാന്ത് വ്യക്തമാക്കി.
ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വാക്സിന് അടിയന്തര അംഗീകാരം നല്‍കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നതായി സെപ്റ്റംബറില്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞിരുന്നു.