ദേശീയം
കൊവിഡ് വ്യാപനം; മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ്
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണസംഖ്യയും വർധിക്കുമെന്ന് ആരോഗ്യ വകുപ്പ്. വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കൊവിഡ് മരണങ്ങള്‍ 1000 വരെയാകാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ഏപ്രിലോടെ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും. നാഗ്പുര്‍, താനെ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വേണ്ടത്ര തയ്യാറെടുപ്പില്ലെങ്കില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവം പ്രശ്‌നമായേക്കുമെന്നും ആരോഗ്യവകുപ്പിന്റെ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് 24 മണിക്കൂറിനിടെ 35,952 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം 5,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ആശുപത്രികളില്‍ 13,773 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. ഇത് 21,000മാക്കി ഉയര്‍ത്താനാണ് ശ്രമം. അടുത്ത 15 ദിവസത്തിനുള്ളില്‍ ടെസ്റ്റുകളുടെ എണ്ണം പരാമവധി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.