Covid 19
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമെന്ന് വിദഗ്ദ്ധ സമിതി; ഒക്ടോബറിനും നവംബറിനുമിടയില്‍ സാധ്യത
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നല്‍കി. മൂന്നാം തരംഗത്തിലെ വ്യാപനം രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും എന്ന് വിദഗ്ധ സമിതി അംഗം മനീന്ദര്‍ അഗര്‍വാള്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു മുന്നോട്ടു പോയാല്‍ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ആകുമെന്നും സമിതി വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകുമെന്ന് ആരോഗ്യവിഗ്ദ്ധർ വ്യക്തമാക്കി. കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്നതും രോഗപ്രതിരോധശേഷിയെ മറികടക്കുന്ന തരത്തിൽ ജനിതകവ്യതിയാനം സംഭവിക്കുന്നതുമായ വൈറസുകളാണ് പുതിയ തരംഗത്തിന് കാരണമാകുന്നത്.
നിലവിലെ സാഹചര്യത്തിൽ രണ്ട് സാദ്ധ്യതകളുണ്ടെന്നും അതിൽ ഒന്നിലൂടെ അടുത്ത വ്യാപനഘട്ടം തുടങ്ങുമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് അടുത്ത തരംഗമുണ്ടാകുന്നതാണ് ആദ്യ സാദ്ധ്യത.
നിലവിലെ രോഗവ്യാപനം പരമാവധി ശമിച്ചതിനുശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ് രണ്ടാമത്തെ സാദ്ധ്യത. ആദ്യ സാദ്ധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അത്തരമൊരു സ്ഥിതി ഉണ്ടായാൽ ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനങ്ങളും പ്രതിസന്ധിയിലാകും. അതിനാൽ മൂന്നാം തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കണം. അതിനായി ആൾക്കൂട്ടങ്ങളും ഇടപഴകലുകളും പരമാവധി ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.