ദേശീയം
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 28 വരെ നീട്ടി
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആർ) 10 ന് മുകളിലാണ്. സ്ഥിതി വിലയിരുത്താനായി തെക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും.
സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രി വിലയിരുത്തും. വാക്സിനേഷൻ നിരക്ക്, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവയും പരിശോധിക്കും. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലെ സ്തിതിഗതികളാണ് വീഡിയോ കോൺഫറൻസിങ് വഴി കേന്ദ്രമന്ത്രി വിലയിരുത്തുക.
മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 407 ജില്ലകളിൽ ടിപിആർ 10 ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാൻ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.