ദേശീയം
ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ധര്‍ണ നടത്തിയ കൊവിഡ് രോഗി മരിച്ചു
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് സമരം ചെയ്ത കൊവിഡ് രോഗി മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 38കാരനായ ബാബാ സാഹെബ് കോലെയാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
സിവിക് ബോഡി ഹെഡ് ക്വാട്ടേഴ്‌സിന് മുന്നില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് സമരം നടത്തിയ കോലെയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമരം നടത്തി ഒരുമണിക്കൂറിനുള്ളില്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സില്‍ അദ്ദേഹത്തെ മുനിസിപ്പല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ധ രാത്രിയോടെ കോലെയുടെ ഓക്‌സിജന്‍ അളവ് 40 ശതമാനമായെന്നും ഏകദേശം രാത്രി ഒരു മണിയോടെ മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ‘മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മറ്റൊരാശുപത്രിയിലേക്ക് വിട്ടു.
അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ബെഡില്ലെന്ന കാരണത്താല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചില്ല. പിന്നെയും കുറേ ആശുപത്രികളില്‍ പോയി. ആരും അഡ്മിറ്റ് ചെയ്തില്ല’- കോലെയുടെ ഭാര്യ പറഞ്ഞു.