ആരോഗ്യം
കോവിഡ് രോഗി ചാടിപ്പോയി; പോലീസ് പിടികൂടി
കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി ആശുപത്രിവേഷത്തില് ചാടിപ്പോയി. ജീവനക്കാരെ വെട്ടിച്ച് മുങ്ങിയ ആനാട് കുളക്കിക്കോണം തടത്തരികത്ത് വീട്ടില്‍ സജികുമാറിനെ (ഉണ്ണി-33) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
ഇന്നലെ രാവിലെ കോവിഡ് വാര്‍ഡില്‍നിന്ന് ചികിത്സാവേഷത്തില് പുറത്തുകടന്ന ഉണ്ണി ഉച്ചക്ക് രണ്ടരയോടെയാണ് ആനാട്ടെത്തിയത്.
നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞ് അതുവഴി വന്ന പാലോട് പോലീസിനെ വിവരമറിയിച്ചു. പാലോട് സി.ഐ: പി.കെ. മനോജ് ജീപ്പില്‍ പിന്നാലെയെത്തി ഇയാളെ തടഞ്ഞുനിര്‍ത്തിയശേഷം നെടുമങ്ങാട് പോലീസിനെ വിവരമറിയിച്ചു. നെടുമങ്ങാട് പോലീസെത്തുംവരെ സി.ഐ. ഇയാളെ തടഞ്ഞുനിര്‍ത്തി. അതോടെ നാട്ടുകാരും ആനാട് പി.എച്ച്.സിയിലെ ഡോക്ടറും ജനപ്രതിനികളും പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും തഹസില്‍ദാരെയും ഡി.എം.ഒയെയും വിവരമറിയിച്ചു. നാലുമണിയോടെ ആരോഗ്യ വകുപ്പ് പ്രത്യേകം തയാറാക്കിയ ആംബുലന്‍സില്‍ ഇയാളെ തിരികെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചു.