ദേശീയം
കോവിഡ് പുതിയ വകഭേദം “ലാംഡ” 29 രാജ്യങ്ങളിൽ
ലോകത്ത് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. തെക്കേ അമേരിക്കയിലാണ് ലാംഡ വകഭേദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പെറുവിലാണ് ആദ്യം ലാംഡ വകഭേദം കണ്ടെത്തിയത്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിേന്റതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്റിബോഡികളോടുള്ള വൈറസിന്‍റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലാംഡ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഗാമ, ഡെല്‍റ്റ വകഭദങ്ങള്‍ ലോകത്ത് വ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദം നിരവധി രാജ്യങ്ങളിലാണ് റിപ്പോള്‍ട്ട് ചെയ്തത്. വകഭേദങ്ങള്‍ അതിവേഗം വ്യാപിക്കുന്നതിനാലാണ് ഇവയെ തരം തിരിച്ച് നിരീക്ഷിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകുന്നത്.