ദേശീയം
കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടായി; കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. ‘സണ്‍ഡേ സംവാദ്’ പരിപാടിയുടെ മുന്നോടിയായി നവമാധ്യമങ്ങളിലിട്ട കുറിപ്പിലാണ് കേരളത്തില്‍ രോഗവ്യാപനം കൂടുന്നതില്‍ ഹര്‍ഷ വര്‍ധന്‍ ആശങ്ക അറിയിച്ചത്.
നാല് വിഷയങ്ങളാണ് ‘സണ്‍ഡേ സംവാദില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഒന്ന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. ആദ്യഘട്ടത്തില്‍ രോഗ നിയന്ത്രണം സാധ്യമായ കേരളത്തില്‍ പിന്നീട് പ്രതിരോധത്തില്‍ വന്ന വീഴ്ചകള്‍ക്കാണ് ഇപ്പോള്‍ വില നല്‍കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു.
കേരളത്തിന്റെ അശ്രദ്ധയാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും ഈ അശ്രദ്ധയ്ക്ക് വലിയ വിലയാണ് കേരളം നല്‍കുന്നതെന്നുമാണ് ഹര്‍ഷവര്‍ധന്റെ വിമര്‍ശനം. നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
ഒരു ഘട്ടത്തില്‍ കേരളത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളില്‍ എത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.