ദേശീയം
കൊവിഡ് വ്യാപനം; സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യവ്യാപക ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. കേരളം , മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ഇന്നലെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ കൊവിഡ് നിയന്ത്രണത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങളെങ്കിലും മുന്നോട്ട് വച്ചത്.
എന്നാൽ, വീണ്ടുമൊരു ലോക്ക്ഡൗൺ ദേശീയതലത്തിലുണ്ടായാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ പ്രധാനമായും മുന്നോട്ട് വച്ചത്. അതേസമയം, നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഇപ്പോൾ ആറ് സംസ്ഥാനങ്ങൾ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്ഗഡിലെ ചിലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തേക്ക് അവധി നൽകി. ഉത്തരാഖണ്ഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.