ദേശീയം
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷത്തിലേക്ക് അടുക്കുന്നു; കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തോട് അടുക്കുന്നു. 109000 പേർക്കാണ് രാജ്യത്ത് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.
ഉത്തർപ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ രണ്ട് ശതമാനം വർധനയുണ്ടായി. അതിനിടെ, കോവാക്സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സീൻ നാളെ മുതൽ. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ്.. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ വേണ്ട. ഓൺലൈനായും സ്പോട്ടിലെത്തിയും വാക്സിൻ ബുക്ക് ചെയ്യാം. കൗമാരക്കാർക്കുള്ള വാക്സിനേഷൻ സംസ്ഥാനത്ത് ഒരു ലക്ഷം കടന്നു.
തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം കണ്ടെത്തി. 74 പേർക്കാണ് ഇന്നലെ തമിഴ്നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.