ദേശീയം
ഇന്ത്യയിൽ 90 ശതമാനം ജില്ലകളിലും കോവിഡ് കേസുകൾ കുറയുന്നു; ആശ്വാസമായി കണക്കുകൾ
രാജ്യത്ത് പ്രതിദിനം അരലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, രോഗ വ്യാപനത്തില്‍ വലിയ കുറവ് വന്നിട്ടുള്ളതായി കണക്കുകള്‍. രാജ്യത്ത് 650 ലധികം ജില്ലകളില്‍ 90 ശതമാനം ഇടങ്ങളിലും കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
ജൂണ്‍ 12-19 ദിവസങ്ങളില്‍ 70 ജില്ലകളില്‍ മാത്രമാണ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്. 27 ജില്ലകളില്‍ 100 കേസുകള്‍ വച്ചാണ് കൂടിയത്. 18 ഇടങ്ങളില്‍ പത്തില്‍ താഴെ മാത്രമാണ് വര്‍ധനവ് സംഭവിച്ചത്.
കൂടുതല്‍ വ്യാപനം സംഭവിക്കുന്ന 70 ജില്ലകളില്‍ ഇരുപത്തിമൂന്നും പശ്ചിമ ബംഗാളിലാണ്. സംസ്ഥാനത്ത് മാത്രമാണ് കഴിഞ്ഞ ഒരാഴ്ച കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തത്. 1.32 ലക്ഷത്തില്‍ നിന്ന് ചികിത്സയില്‍ കഴിയുന്നവര്‍ 20 ദിവസം കൊണ്ട് 15,000 ആയി കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിപരീതമായാണ് സംഭവിച്ചത്. ജൂണ്‍ 19-ാം തീയതി വരെ ബംഗാളില്‍ 23,000 സജീവ കേസുകളാണ് ഉള്ളത്.
പുതിയ കേസുകള്‍ കൂടുന്നതിനാനല്ല ബംഗാളില്‍ രോഗികള്‍ വര്‍ധിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ട്. പ്രതിദിനം 3,000 കേസുകളില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. ഇതോടെ സജീവ കേസുകള്‍ ഉയര്‍ന്നു. ശനിയാഴ്ച 2,486 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,100 പേര്‍ മാത്രമാണ് നെഗറ്റീവ് ആയത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 1422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,88,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
മണിപ്പൂരും മിസോറാമുമാണ് പുതിയ കേസുകള്‍ കൂടുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയിലെ മുംബൈ, പൽഘർ, ബുൾദാന, സാംഗ്ലി, ഔറംഗബാദ്, പർഭാനി എന്നി ജീല്ലകളിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. മുംബൈയില്‍ നിലവില്‍ 21,000 സജീവ കേസുകളാണ് ഉള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 777 കേസുകള്‍ കൂടി. രോഗപരിശോധനയും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. പ്രതിദിനം പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ച് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 13,88,699 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ജൂൺ 20 വരെ 39,24,07,782 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.