കേരളം
കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ പുറത്തുവിട്ട് ഭാരത് ബയോടെക്

കൊവാക്സിൻ 78 ശതമാനം സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. വാക്സീൻ പൂർണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീൻ 77.8% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി.
ഗുരുതരമായി കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീൻ ഫലപ്രദമാണ്. ബി.1.617.2 ഡെൽറ്റ വഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.