ദേശീയം
‘നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ?, ഞങ്ങള്‍ സഹായിക്കാം, അല്ലെങ്കില്‍ ജയിലിലാകും’; ബലാത്സംഗക്കേസ് പ്രതിയോട് കോടതി
ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് സുപ്രീംകോടതി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചോദ്യം. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇതോടെ കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിക്കു സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ‘നിങ്ങള്‍ക്ക് അവളെ വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അല്ലെങ്കില്‍, നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങള്‍ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തു.’ – ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ ഇങ്ങനെ. എന്നാല്‍ വിവാഹത്തിന് തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുമ്പോള്‍ താന്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്ന് പ്രതി ഓര്‍ക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.
എന്നാല്‍ ആദ്യം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറായിരുന്നുവെന്നും അപ്പോള്‍ അവള്‍ നിരസിക്കുകയായിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു. ഇപ്പോള്‍ താന്‍ വിവാഹിതനാണെന്നും വീണ്ടും വിവാഹിതനാകാന്‍ കഴിയില്ലെന്നും പ്രതി കോടതിയോടു പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.
വിവാഹം കഴിക്കാമെന്ന് പ്രതിയുടെ മാതാവ് മുമ്പ് സമ്മതിച്ചിരുന്നുവെന്നും അതിനു ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടിക്കു 18 വയസ് പൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്ന ധാരണയില്‍ രേഖ തയാറാക്കിയിരുന്നുവെന്നും പ്രതി പിന്നീട് പിന്മാറുകയായിരുന്നുവെന്നും പരാതിക്കാര്‍ അറിയിച്ചു. ഇതോടെയാണ് ബലാത്സംഗ പരാതി നല്‍കിയതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.