ദേശീയം
ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട; രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനും എടിഎം
ഭക്ഷ്യധാന്യങ്ങള്‍ക്കായി ഇനി റേഷന്‍ കടകളില്‍ പോയി ക്യൂ നില്‍ക്കേണ്ട. കിട്ടിയ ധാന്യത്തിന്റെ അളവില്‍ തൂക്കക്കുറവ് ഉണ്ടെന്ന പരാതിയും വേണ്ട. രാജ്യത്ത് ധാന്യ എടിഎം തുടങ്ങി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഇന്ത്യയിലെ ആദ്യ ധാന്യ എടിഎമ്മിന് തുടക്കമായത്. ഗുരുഗ്രാമിലെ ഫാറൂഖ് നഗറിലാണ് എടിഎം മെഷീന് സ്ഥാപിച്ചിട്ടുള്ളത്.
വളരെ വേഗത്തിലും സുതാര്യമായും ധാന്യം വിതരണം ചെയ്യുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ധാന്യ എടിഎമ്മിന് തുടക്കം കുറിച്ചതെന്ന് ഭക്ഷ്യവകുപ്പിന്റെ ചുമതല വഹിക്കുന്നഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. റേഷന്‍കാര്‍ഡ് ഉള്ള ഗുണഭോക്താക്കള്‍ക്ക് എടിഎമ്മിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. സാധാരണ എടിഎം പോലെയാണ് ധാന്യ എട്ടിന്‍രെ പ്രവര്‍ത്തനമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
അഞ്ചു മുതല്‍ ഏഴു മിനുട്ടിനകം, 70 കിലോ ധാന്യം വരെ മെഷീന് വിതരണം ചെയ്യാനാകും. ഓട്ടോമാറ്റിക് മെഷീനില്‍ ബയോമെട്രിക് സംവിധാനവും ടച്ച് സ്ക്രീനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിന്റെയോ റേഷന്‍കാര്‍ഡിന്റെയോ നമ്പര്‍ രേഖപ്പെടുത്തിയാല്‍ ബയോമെട്രിക് ഓതന്റിഫിക്കേഷന് നിര്‍ദേശം വരും. അതും കൃത്യമാകുന്നതോടെ ഗുണഭോക്താവിന് എടിഎം മെഷീന്‍വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും.
അരി, ഗോതമ്പ്, ചോളം എന്നിവയാണ് ആദ്യഘട്ടത്തില്‍ എടിഎം വഴി ലഭിക്കുക. പ്രാരംഭമെന്ന നിലയ്ക്കാണ് ഗുരുഗ്രാമില്‍ എടിഎം തുടങ്ങിയതെന്നും, വിജയമെന്ന് കണ്ടെത്തുന്ന പക്ഷം സംസ്ഥാനത്ത് മൊത്തം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.