കേരളം
ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണ പൊളിക്കണം , കലക്‌ടറുടെ നിര്‍ദേശം നടപ്പാക്കണമെന്ന് ഹൈക്കോടതി
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്നു ഹൈക്കോടതി. തന്റെ ഭാഗം കേള്‍ക്കാതെ തടയണ പൊളിക്കാന്‍ ഉത്തരവിട്ട മലപ്പുറം ജില്ലാ കലക്‌ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന അന്‍വറിന്റെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂരിലെ സി.കെ അബ്‌ദുല്‍ ലത്തീഫിന്റെ ഹര്‍ജി തള്ളിയാണ് ചീഫ് ജസ്‌റ്റിസ് എസ്. മണികുമാര്‍, ജസ്‌റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ കരാര്‍പ്രകാരം കൈവശമാക്കിയ സ്‌ഥലത്ത് മലയിടിച്ചാണ് കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇതു പൊളിച്ചുനീക്കാന്‍ 2015 സെപ്‌റ്റംബര്‍ ഏഴിന് കലക്‌ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് തടയണകെട്ടിയ സ്‌ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.
പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്നു കാട്ടി നിലമ്പൂര്‍ സ്വദേശി എം.പി. വിനോദ് 2017 മാര്‍ച്ചില്‍ കലക്‌ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ യാതൊരു അനുമതിയുമില്ലാതെ, പ്രകൃതിദത്ത അരുവി തടഞ്ഞുനിര്‍ത്തി 2003ലെ കേരള ജലസേചന-ജലസംരക്ഷണനിയമവും 1957ലെ ഖനികളും ധാതുക്കളും(വികസനവും നിയന്ത്രണവും) നിയമവും ലംഘിച്ചാണ് തടയണ കെട്ടിയതെന്നു കണ്ടെത്തി. 14 ദിവസത്തിനുള്ളില്‍ തടയണ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്‌ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവില്‍ അബ്‌ദുല്‍ ലത്തീഫിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്‌ടറുടെ ഉത്തരവെന്നു കാണിച്ച് അബ്‌ദുല്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചു.
ഇതേത്തുടര്‍ന്നു തടയണ പൊളിക്കുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തിരുന്നു. രണ്ടരവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.