കേരളം
കാട്ടുപോത്തിന്റെ ആക്രമണം: വിവാദങ്ങൾ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ
കണമലയിലെ കാട്ടുപോത്ത് വിഷയത്തിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. വെടിവെക്കാനുള്ള കളകട്റുടെ ഉത്തരവിൽ തെറ്റില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പോത്തിനെ കൊല്ലണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് നാട്ടുകാർ. വനംവകുപ്പ് കാട്ടുപോത്തിനായി തെരച്ചിൽ തുടരുകയാണ്. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങൾ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ കലക്ടർ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹർജികൾ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാൻ വനം വകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയിൽ പോയേക്കും. കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാം. മരിച്ചു പോയവരെ വച്ച് വിലപേശുന്ന ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. ചില സംഘടനകൾ നടത്തുന്ന ആ രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്തെത്തിയിരുന്നു. മരിച്ച തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. കണമല സെന്റ് തോമസ് പള്ളിയിൽ ആണ് സംസ്ക്കാരം നടന്നത്. തോമസിന്റെ വീട്ടിൽ നിന്നു വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടു. വന്യ ജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും അടിയന്തിര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടി വയ്ക്കാൻ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.