ദേശീയം
ചാനലുകൾ ദിവസവും അരമണിക്കൂർ ദേശീയപരിപാടി കാണിക്കണം; മാർഗനിർദേശങ്ങളുമായി കേന്ദ്രം
![](https://citizenkerala.com/wp-content/uploads/2022/11/tv-remote-1.webp)
രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുൻനിർത്തിയുള്ള പരിപാടികൾ എല്ലാ ദിവസവും 30 മിനിറ്റ് സംപ്രേഷണം ചെയ്യണമെന്ന് കേന്ദ്ര നിർദേശം. ഉപഗ്രഹ ടി.വി. ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്. കേന്ദ്രമന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു.
കേന്ദ്രസർക്കാർ ദേശീയ താത്‌പര്യമുള്ള ഉള്ളടക്കം സംബന്ധിച്ച് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ചാനലുകൾ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം തയ്യാറാക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. ഇന്ത്യൻ ടെലിപോർട്ടുകൾക്ക് വിദേശചാനലുകൾ അപ്‌ലിങ്ക് ചെയ്യാമെന്ന് മാർഗനിർദേശത്തിലുണ്ട്. ഏകീകൃത പിഴയ്ക്കു വിരുദ്ധമായി വ്യത്യസ്തതരത്തിലുള്ള നിയമലംഘനങ്ങൾക്ക് വ്യത്യസ്ത സ്വഭാവമുള്ള പിഴ നിർദേശിക്കുന്നു. ദേശീയസുരക്ഷയും പൊതുതാത്‌പര്യവും മുൻനിർത്തി നിശ്ചിതകാലത്തേക്ക് ചാനലുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള അധികാരം വാർത്താവിതരണ മന്ത്രാലയത്തിനുണ്ടാവും. അടുത്ത അഞ്ചുവർഷത്തേക്ക് പുതിയ ലൈസൻസിന് അപേക്ഷിക്കാനാവില്ല.
30 മിനിറ്റ് പരിപാടിയിൽ വിദ്യാഭ്യാസം മുതൽ ദേശീയോദ്ഗ്രഥനംവരെ
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചാനലുകൾ 30 മിനിറ്റ് പൊതുജന സേവന പരിപാടികൾ സംപ്രേഷണം ചെയ്യണം. വിദ്യാഭ്യാസം, സാക്ഷരത, കൃഷി, ഗ്രാമീണവികസനം, ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം, ദേശീയോദ്ഗ്രഥനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പരിപാടികളായിരിക്കണം തയ്യാറാക്കേണ്ടത്.
മറ്റ് പ്രധാന വ്യവസ്ഥകൾ :
തത്സമയസംപ്രേഷണത്തിന് അനുമതിതേടേണ്ടതില്ല. തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ മുൻകൂർ രജിസ്‌ട്രേഷൻ മാത്രമേ ആവശ്യമുള്ളൂ. ഭാഷ മാറ്റുന്നതിനോ സ്റ്റാൻഡേർഡ് ഡെഫനിഷനിൽ(എസ്.ഡി)നിന്നു ഹൈ ഡെഫനിഷനിലേക്കും (എച്ച്.ഡി.) തിരിച്ചും സംപ്രേഷണമാർഗം മാറ്റുന്നതിനോ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ, മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കണം. ഇന്ത്യൻ ടെലിപോർട്ടുകളിൽനിന്ന് വിദേശചാനലുകൾ അപ്‌ലിങ്ക് ചെയ്യാൻ എൽ.എൽ.പി.കളെ അല്ലെങ്കിൽ കമ്പനികളെ അനുവദിക്കും. സി.ബാൻഡ് ഒഴികെയുള്ള ഫ്രീക്വൻസി ബാൻഡിൽ അപ്‌ലിങ്കുചെയ്യുന്ന ടി.വി. ചാനലുകൾ അവയുടെ സിഗ്‌നലുകൾ നിർബന്ധമായും എൻക്രിപ്റ്റ് ചെയ്യണം. കുടിശ്ശിക അടയ്ക്കുന്നത് ഉറപ്പാക്കാൻ സുരക്ഷാനിക്ഷേപങ്ങൾക്കും വ്യവസ്ഥചെയ്തിട്ടുണ്ട്. വാർത്താ ചാനലുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും പൂർണമായും ഇന്ത്യക്കാരിൽ തന്നെയായിരിക്കണം.