ദേശീയം
സ്വാതന്ത്ര്യദിനം ഡല്‍ഹിയില്‍ കനത്ത സുരക്ഷ
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില് പോലെയാണ് വിന്യസിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറുകയും സംഘടന കൊടികള്‍ നാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വലിയ മുന്നൊരുക്കങ്ങളുമായി ഡല്‍ഹി പൊലീസ് രംഗത്തുവന്നിരിക്കുന്നത്.
എന്നാല്‍, ജമ്മുകശ്മീരില്‍ അടുത്തിടെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും സൂചനയുണ്ട്. കണ്ടെയ്നറുകള്‍ പെയിന്റടിച്ച് അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. ചെങ്കോട്ടയില്‍ വെച്ചാണ് എല്ലാ വര്‍ഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.