കേരളം
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു, കൂടുതലും കുട്ടികളിൽ; ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം
സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിച്ച് ഒട്ടേറെപ്പേർ ആശുപത്രികളിലെത്തുന്നു. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. വേഗം പടരുന്ന നേത്രരോഗം ആണെങ്കിലും ശ്രദ്ധിച്ചാൽ തടയാനാകും. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങൾ ആയതിനാൽ സ്വയം ചികിത്സ പാടില്ല.
സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. പ്രാഥമിക കേന്ദ്രങ്ങളിൽ ആശാ വർക്കർമാരുടെയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരുടെയും സേവനവും ലഭ്യമാണ്. ഇവർ വീടുകൾ സന്ദർശിക്കുമ്പോൾ ചെങ്കണ്ണിന്‍റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
▪️ അണുബാധ രണ്ട് വിധം
നേത്രപടലത്തിൽ ഉണ്ടാകുന്ന അണുബാധയാണ് കൻജൻക്റ്റിവൈറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ ബാക്ടീരിയയോ വൈറസോ മൂലമാകാം. കൂടതലും വൈറൽ കൻജൻക്റ്റിവൈറ്റിസ് ആണ് ഇപ്പോൾ കാണുന്നത്.
▪️ രോഗ ലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. കൺപോളകളിൽ വീക്കവും തടിപ്പും. തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീളകെട്ടുക. പ്രകാശം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരട് പോയത് പോലെ തോന്നൽ.
▪️ പ്രതിരോധിക്കാൻ
▪️ കൈ കൊണ്ട് കണ്ണുകൾ തൊടുന്നത് ഒഴിവാക്കുക.
▪️ രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക.
▪️ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
▪️ രോഗി ഉപയോഗിച്ച തൂവാല, ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
▪️ ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗംഭേദമാകും വരെ സ്കൂളിൽ വിടാതിരിക്കുക.
▪️ മാറാൻ 7 മുതൽ 10 ദിവസം
▪️ കൃത്യമായ ചികിത്സ ഉറപ്പാക്കണം. രോഗം പൂർണമായി ഭേദമാകാൻ ഏഴുമുതൽ 10 ദിവസംവരെയെടുക്കും. ഈ സമയത്ത് കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണം. ടി.വി, മൊബൈൽ ഫോൺ എന്നിവ ആയാസം കൂട്ടും.