ദേശീയം
കൊവിഡ് നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ്
കൊവിഡ് നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന വിമർശനവുമായി കോണ്‍ഗ്രസ്. ഓക്‌സിജന്‍, ആശുപത്രി കിടക്ക, വാക്‌സിന്‍ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം.
ഇന്ത്യയില്‍ വാക്‌സിന്‍ ഉറപ്പാക്കാതെ വാക്‌സിന്‍ കയറ്റി അയയ്ക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിൽ ഞെട്ടിവിറയ്ക്കുകയാണ് രാജ്യം. 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്.
പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കൃത്യം കണക്ക് പരിശോധിച്ചാൽ രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 13,65,704 ആണ്. സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ തുടങ്ങും.