ദേശീയം
അക്രമാസക്തമായ മണിപ്പൂരിലെ സ്ഥിതിഗതികളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്
അക്രമാസക്തമായ മണിപ്പൂരിലെ സ്ഥിതിഗതികളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. സംഘർഷം നീട്ടിക്കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും താൽപ്പര്യമുണ്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
49 ദിവസമായി മണിപ്പൂർ കത്തുകയാണ്, 50-ാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ രാജ്യങ്ങളിലേക്ക് പറന്നുയരുമോ, നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ട്വീറ്റിൽ ആരോപിച്ചു. നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരങ്ങൾ ഭവനരഹിതരായി, എണ്ണമറ്റ പള്ളികളും ആരാധനാലയങ്ങളും തകർത്തു. അക്രമം ഇപ്പോൾ മിസോറാമിലേക്കും വ്യാപിക്കുകയാണ്.
കഴിഞ്ഞ കുറേ നാളുകളായി മണിപ്പൂരി നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ്. ഈ അവഗണന പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും സംഘർഷം നീട്ടിക്കൊണ്ടു പോകാൻ താൽപ്പര്യമുണ്ടെന്നതിന്റെ തെളിവാണെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
“സ്വയം പ്രഖ്യാപിത വിശ്വഗുരു” എപ്പോഴാണ് “മണിപ്പൂർ കി ബാത്ത്” കേൾക്കുകയെന്ന് വേണുഗോപാൽ ചോദിച്ചു. എപ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക, സമാധാനത്തിനായുള്ള ലളിതമായ ആഹ്വാനം നടത്തുക? സമാധാനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മണിപ്പൂർ മുഖ്യമന്ത്രിയോടും അദ്ദേഹം എപ്പോഴാണ് വിശദീകരണം ചോദിക്കുക?. തുടങ്ങിയ ചോദ്യങ്ങളും വേണുഗോപാൽ ഉന്നയിച്ചു.