കേരളം
താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി, രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു
മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അതേസമയം നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വിനോദയാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇത് വരെ 18 പേർ മരിച്ചതായാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കം മരിച്ചവരിൽപെടുന്നു. ഒരു പൊലീസുകാരനും മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തീരത്ത് നിന്ന് അവസാന ട്രിപ്പിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ആറുമണി വരെയാണ് ബോട്ട് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴുമണിക്ക് സർവീസ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അപകട ശേഷം വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചെറുതോണികളിലായിരുന്നു ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ട് തലകീഴായി മറിഞ്ഞതും ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു . തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്ന ബോട്ട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഉയർത്താനായത്.