കേരളം
ട്രെയിൻ യാത്രക്കിടെ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായി, പരാതി
ഗുജറാത്തില്‍ മലയാളി അഭിഭാഷകയെ കാണാതായതായി പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകയായ ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഷീജയെ കാണാതായത്. ഇതേത്തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്കി.
അഹമ്മദാബാദില്‍ നിന്നും ഗുജറാത്ത് എക്സ്പ്രസിലാണ് ഷീജ മുംബൈയിലേക്ക് തിരിച്ചത്. കേസിന്റെ ആവശ്യത്തിനായിട്ടാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഗുജറാത്തിലെ വല്‍സാദ് ഭാഗത്തെത്തിയപ്പോള്‍ വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത് സംസാരിച്ചിരുന്നു. അതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
രാത്രി ഏഴരയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷക മുംബൈയില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍.