Uncategorized
കൽക്കരിഖനികളുടെ വാണിജ്യ ഖനനം; ലേലം നീട്ടിവയ്ക്കണ ആവശ്യവുമായി ജാർഖണ്ഡ് സർക്കാർ സുപ്രിംകോടതിയിൽ
ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി 41 കൽക്കരി പാടങ്ങളുടെ വാണിജ്യ ഖനനത്തിനുള്ള കേന്ദ്രത്തിന്റെ ലേല നടപടികളെ ചോദ്യം ചെയ്ത് ജാർഖണ്ഡ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സർക്കാർ സമർപ്പി ച്ച ഹർജിയിൽ ലേലം നീട്ടിവെക്കാൻ കേന്ദ്ര കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെടുന്നുണ്ട്.
പദ്ധതി മൂലം ഝാർഖണ്ഡിലെ വൻ ഭൂപ്രദേശങ്ങൾക്കും അതിൽ ജീവിക്കുന്ന ആദിവാസി ജനതയ്ക്കും ഉണ്ടായേക്കാവുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതത്തെക്കുറിച്ച് ന്യായമായ വിലയിരുത്തൽ നടത്തിയ ശേഷം മാത്രമെ ലേല നടപടികളിലേക്ക് പോകാവൂ എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൽക്കരിപ്പാടങ്ങളുടെ വാണിജ്യവത്ക്കരണം പ്രകൃതിചൂഷണം നടത്തിയാകില്ലെന്ന ഉറപ്പ് മോഡി സർക്കാർ നൽകിയെങ്കിലും ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് ജാർഖണ്ഡ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
അടുത്ത 57 വർഷത്തേക്ക് രാജ്യത്ത് 33,000 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ലേല പ്രക്രിയ ആരംഭിക്കുന്നതോടെ കൽക്കരി രംഗത്ത് രാജ്യം സ്വയം പര്യാപ്തത കൈവരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പൂർണമായും വിർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്ന വിപുലമായ പരിപാടിയിലാണ് കൽക്കരിഖനനവുമായി ബന്ധപ്പെട്ട നയപരിഷക്കരണ നടപടികളിലേയ്ക്ക് സർക്കാർ ചുവട് വച്ചത്. ഊർജ്ജോത്പാദക മേഖലയിൽ സ്വാശ്രയത്വം ഇതോടെ യാഥാർത്ഥ്യമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
പ്രവർത്തി പരിചയം ഇല്ലാത്ത പുതിയ കമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാനാകും എന്നതാണ് കഴിഞ്ഞ ദിവസം ആരംഭിച്ച ലേല നടപടികളിൽ പ്രധാനം. മുൻകൂറായി നൽകേണ്ട തുകയിൽ വരുത്തിയ കുറവ്, റോയൽറ്റി തുകയ്ക്കനുസൃതമായി വരുത്തിയ മാറ്റങ്ങൾ എന്നിവയുടെ സാഹചര്യത്തിൽ വൻ നിക്ഷേപം സർക്കാർ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നുണ്ട്.