കേരളം
ശാന്തിക്കാര്‍ പണം സ്വീകരിക്കുന്നതു വിലക്കി ദേവസ്വം ബോര്‍ഡ്
ശാന്തിക്കാര്‍ വിഷുക്കൈനീട്ടം നല്‍കാനായി സ്വകാര്യ വ്യക്തികളില്‍നിന്നു പണം സ്വീകരിക്കുന്നതു വിലക്കി കൊച്ചിന് ദേവസ്വം ബോര്‍ഡ് ഉത്തരവ്. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കു പണം നല്‍കിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ബോര്‍ഡിന്റെ നോട്ടീസ്.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ ‘വിഷുക്കൈനീട്ടം’ നല്‍കുന്നതിനായി വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ചാണ് ഉത്തരവ്. ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്’ – ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ അറിയിപ്പില്‍ പറയുന്നു.
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയമാനം വന്നതോടെയാണ് വ്യക്തികളില്‍നിന്ന് പണം സ്വീകരിക്കുന്നത് വിലക്കി ബോര്‍ഡിന്റെ നിര്‍ദേശം.