ദേശീയം
മുഖ്യമന്ത്രി ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് യാത്ര തിരിക്കുക. സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം.
സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും. വികസന പദ്ധതികൾക്കുള്ള പിന്തുണ പ്രധാന ചർച്ചാവിഷയമാകും. രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും, സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം, വാക്സിന്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. ജോണ്‍ ബ്രിട്ടാസ് എം.പിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. ചില കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ഏറ്റവും പ്രധാനമായി മുന്നോട്ട് വെക്കുന്ന വികസന പദ്ധതിയാണ് കെ റെയില്‍ പദ്ധതി. പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര പിന്തുണ അത്യാവശ്യമാണ്. റെയില്‍പാതാ വികസനത്തിനാവശ്യമായ റെയില്‍വേ ബോര്‍ഡിന്റെ അനുമതികളടക്കം ഇനിയും ലഭിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന.