കേരളം
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്; തെളിവില്ലെന്ന് സിബിഐ
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും, പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി പറഞ്ഞദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് പരാതി. വിവാദമായ സോളാര്‍ കേസില്‍ ആദ്യം പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സോളാര്‍ കേസ് സിബിഐക്ക് കൈമാറിയത്. സോളാറില്‍ സാമ്പത്തിക ഇടപാടിന് പുറമെ, ലൈംഗികമായ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസിലും എംഎല്‍എ ഹോസ്റ്റലിലും അടക്കം പരിശോധന നടത്തിയിരുന്നു.
സോളാര്‍ കേസില്‍ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇതില്‍ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ പരാതിയില്‍ തെളിവില്ലെന്ന് കാണിച്ചാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്.
സോളാര്‍ കേസില്‍ എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. സോളാര്‍ പീഡനക്കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് അബ്ദുള്ളക്കുട്ടിക്ക് എതിരെയായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇന്ന് ബിജെപി ദേശീയ നേതാവുമായ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സോളാര്‍ പീഡനക്കേസിലെ ആറു പ്രതികളെയും സിബിഐ കുറ്റവിമുക്തരാക്കി.