ദേശീയം
വാക്സിൻ നിർമ്മാണത്തിന് സുരക്ഷ; ഭാരത് ബയോടെകിന്റെ സുരക്ഷാ ചുമതലയേറ്റെടുത്ത് സിഐഎസ്‌എഫ്
രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിന് സുരക്ഷ വർധിപ്പിച്ച് സർക്കാർ. കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സുരക്ഷ ശക്തമാക്കി. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്‌എഫ്) ആണ് ചുമതല ഏറ്റെടുത്തത്. ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്ന് കാട്ടി ഒരു മാസം മുന്‍പാണ് ഭാരത് ബയോടെക് സിഐഎസ്‌എഫിന് അപേക്ഷ നല്‍കിയത്.
സുരക്ഷയുടെ ചിലവ് കമ്പനി വഹിക്കും. 64 അംഗ സിഐഎസ്‌എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീര്‍പേട്ടില്‍ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ്.ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയെന്ന് സിഐഎസ്‌എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു.
അതേസമയം കുട്ടികളിലെ വാക്സിനേഷൻ പ്രകിയയിലേക്ക് രാജ്യം കടക്കുകയാണ്. കൊവാക്സിനാണ് ഇതിനായി ഉദ്ദേശിക്കുന്നത്.കൊവാക്സിൻ ട്രയലുകൾ നിലവിൽ എയിംസാണ് നടത്താനുദ്ദേശിക്കുന്നത്. 12 നും-18നും ഇടയിലുള്ള കുട്ടികളിലെ വാക്സിനേഷൻ ട്രയലുകൾ എയിംസ് പാറ്റ്ന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
മെയ് 11-ന് ഡിസിജിഐ കൊവാക്സിൻറെ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ അനുമതി കൊടുത്തിരുന്നു. ഇതിന് പിന്നാലെ സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി ഇതിന് അനുമതി ലഭിച്ചിരുന്നു. ട്രയലുകൾ പൂർത്തിയാക്കിയാൽ ഏത്രയും വേഗം വാക്സിനേഷനുകളുടെ നടപടിക്രമങ്ങൾ ആരംഭിച്ചേക്കും.