കേരളം
വാഴക്കുല വിവാദം; ചങ്ങമ്പുഴയുടെ മകളെ വീട്ടിലെത്തി കണ്ട് ചിന്ത ജെറോം
ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി ചങ്ങമ്പുഴയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ ഇളയമകൾ ലളിത ചങ്ങമ്പുഴയെ എറണാകുളത്ത് എത്തിയാണ് ചിന്ത കണ്ടത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നും ചിന്ത കുടുംബാംഗങ്ങളോട് വിശദമാക്കി.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചങ്ങമ്പുഴയുടെ മകളെ കണ്ട വിവരം ചിന്ത അറിയിച്ചത്. ലളിത ചങ്ങമ്പുഴയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു. വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിൽ ചിന്ത എഴുതിയിരുന്നത്. ഇത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്ന് ചിന്ത വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചങ്ങമ്പുഴയുടെ മകളെ കാണാൻ എത്തിയത്.
ചിന്തയുടെ കുറിപ്പ്
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്. ഒത്തിരി സ്നേഹം, വീണ്ടും വരാം