ദേശീയം
കനത്ത മഴ;ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുവര്‍ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അവധി പ്രഖ്യാപിച്ചു.
വെള്ളം കയറിയ മേഖലകള്‍ എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ദുരന്ത ബാധിത മേഖലകളിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു. എന്‍ഡിആര്‍എഫിന്റെ നാല് സംഘത്തെ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
നുന്‍ഗംബക്കത്ത് 20.8 സെന്റീ മീറ്ററും മീനംബക്കത്ത് 9.4 സെന്റീമീറ്ററും എന്നോറില്‍ 8 സെന്റീ മീറ്ററുമാണ് ഞായറാഴ്ച എട്ടുവരെ മഴ പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് നിരവധി തെരുവുകളും സമീപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ടി നഗര്‍, വ്യസര്‍പടി, റോയപേട്ട, അടയാര്‍ തുടങ്ങിയ നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.