ദേശീയം
കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3; വിക്ഷേപണം പൂർത്തിയായി
രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തല്‍. ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് 2023. കൊവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒയുള്ളത്.
ലാന്‍ഡറിന് വിക്രമെന്നും റോവറിന് പ്രഗ്യാനെന്നും പേര് നല്‍കുമെന്നാണ് സൂചനകള്‍. വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടുമെന്നാണ് വിലയിരുത്തല്‍. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.
ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ് ഉണ്ടാവുക. ചന്ദ്രയാൻ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാൻ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആർഒയുള്ളത്.
മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ദൗത്യം. ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ റോവർ, ലാൻഡറിനെ ചന്ദ്ര ഭ്രമണപഥം വരെയെത്തിക്കാൻ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ഇവ. ആകെ ഭാരം 3900 കിലോഗ്രാമില്‍ ലാൻഡറിന്‍റെ ഭാരം 1752 കിലോ മാത്രമാണ്. 26 കിലോഗ്രാമാണ് റോവറിന്‍റെ ഭാരം. ആറ് ചക്രങ്ങളുള്ള റോവറില്‍ ലാൻഡിങ്ങിന് സഹായിക്കാൻ 9 സെൻസറുകളാണ് ഉള്ളത്.