ദേശീയം
ചന്ദ്രശേഖർ പെമ്മസാനി; ഏറ്റവും ധനികനായ എം.പി മോദി മന്ത്രിസഭയിൽ
മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ഏറ്റവും ധനികനായ എം.പി.യും. എന്‍.ഡി.എ. സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി(ടി.ഡി.പി)യുടെ എം.പി.യാണ് ചന്ദ്രശേഖര്‍ പെമ്മസാനി. ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുമെന്നും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും ടി.ഡി.പി. നേതാവായ ജയദേവ് ഗല്ലെയും അറിയിച്ചിരുന്നു.
ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ മണ്ഡലത്തില്‍നിന്നാണ് ചന്ദ്രശേഖര്‍ പെമ്മസാനി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസിലെ കിലരി വെങ്കട റോസയ്യയെ മൂന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തിയത്.
ഏകദേശം 5700 കോടി രൂപയുടെ ആസ്തിയാണ് 48-കാരനായ ചന്ദ്രശേഖറിനുള്ളത്. ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സിനായ് ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തോളം ജോലിചെയ്തു. മെഡിക്കല്‍ കോളേജിലെ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമായ ‘യുവേള്‍ഡ്’-ന്റെ സി.ഇ.ഒ. കൂടിയാണ് ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി ടി.ഡി.പി. എന്‍.ആര്‍.ഐ. സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവില്‍ അമേരിക്കയില്‍ ടി.ഡി.പി.യുടെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. 2020-ല്‍ ഏണസ്റ്റ് ആന്‍ഡ് യംങ്ങിന്റെ മികച്ച യുവ സംരംഭകനുള്ള പുരസ്‌കാരം ലഭിച്ചു.
ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘പെമ്മസാനി ഫൗണ്ടേഷന്‍’ ആന്ധ്രയിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമാണ്. ഗുണ്ടൂരിലെയും നരസരോപേട്ടിലെയും നിരവധി ഗ്രാമങ്ങളിലാണ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപുകളും കുടിവെള്ള വിതരണവും നടക്കുന്നത്.