കേരളം
തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി.
അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡിഷ ഛത്തിസ്ഗഡ് മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
കൂടാതെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു