ദേശീയം
രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കൊനൊരുങ്ങി കേന്ദ്രം
രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഒവർസീസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ വിറ്റഴിക്കാനാണ് ആലോചന.
ഇരു ബാങ്കുകളുടെയും 51ശതമാനം ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയിൽ 20ശതമാനം കുതിപ്പുണ്ടായി.
അതേസമയം, ഇരു ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി അത്രതന്നെ മികച്ചതല്ലാത്തതിനാൽ സ്വകാര്യവത്കരണത്തിന് തടസമായേക്കാമെന്നാണ് വിലയിരുത്തൽ. ദുർബലമായ സാമ്പത്തിക സ്ഥിതിയിലായതിനാൽ നിലവിൽ ഈ ബാങ്കുകൾ ആർബിഐയുടെ നിരീക്ഷണത്തിലാണ്.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വിൽക്കാനുള്ള പദ്ധതി പ്രതിസന്ധിയിലാണ്.