ദേശീയം
സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാർ കൂടി
സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ജംഷദ് ബി പർദിവാല എന്നിവരാണ് സുപ്രീംകോടതിയിലേക്ക് നിയമിതരായത്. ഇന്നാണ് രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ 32 എന്ന നിലവിലെ അംഗസംഖ്യ 34 എന്ന പരമാവധി അംഗബലത്തിലേക്ക് എത്തും.
ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ശിപാർശ അംഗീകരിച്ചാണ് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അടുത്തയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആകും.
ജസ്റ്റിസ് എസ് അബ്ദുൽ നസീറിന് ശേഷം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് സുപ്രീം കോടതിയിലെത്തുന്ന ആദ്യത്തെ ഹൈകോടതി ജഡ്ജിയും പാഴ്‌സി സമുദായത്തിൽ നിന്നുള്ള നാലാമത്തെ ജഡ്ജിയുമാണ് ജസ്റ്റിസ് പർദിവാല. ഉത്തരഖണ്ഡിൽ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ധൂലിയ.