ദേശീയം
സവാള വാങ്ങാൻ സംസ്ഥാനങ്ങൾക്ക് ഓഫർ
അടുത്ത നാലുമാസം രാജ്യത്ത് സവാളവിലയിൽ വർധനയ്ക്ക് സാധ്യത മുൻകൂട്ടിക്കണ്ട് കേന്ദ്രസർക്കാരിന്റെ നീക്കം. കിലോയ്ക്ക് 21 രൂപ നിരക്കിൽ സവാള നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. ഹരിയാണ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങൾ സവാള ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചുകഴിഞ്ഞു. എന്നാൽ, കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ല.
നാഫെഡിൽനിന്നാണ് സംസ്ഥാനങ്ങൾക്ക് സവാള നൽകുക. ഉപഭോക്തൃമന്ത്രാലയത്തിനാണ് സംസ്ഥാനങ്ങൾ കത്ത് നൽകേണ്ടത്. 1.60 ലക്ഷം ടൺ സവാളയാണ് നാഫെഡിന്റെ കൈവശം സ്റ്റോക്കുള്ളത്. കേന്ദ്രത്തിന്റെ തീരുമാനപ്രകാരം 40,000 ടൺ ഇപ്പോൾ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. നാസിക്കിലെ ഗോഡൗണിൽനിന്നാണ് വിൽപ്പന.
സംസ്ഥാനങ്ങളിലേക്ക് ഇങ്ങനെ സവാള എത്തുമ്പോൾ മുൻവർഷങ്ങളിൽ ഉണ്ടായപോലുള്ള വൻ വിലക്കയറ്റം തടഞ്ഞുനിർത്താനാകുമെന്നാണ് പ്രതീക്ഷ. ഒരാഴ്‌ചയായി സവാളവില രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. മൊത്തവിൽപ്പനശാലകളിൽ 38 രൂപയും ചില്ലറവിൽപ്പനകേന്ദ്രങ്ങളിൽ 43 രൂപയും വിലയായിട്ടുണ്ടിപ്പോൾ.