ദേശീയം
കുട്ടികള്‍ക്ക് കൊറോണ പകരാം; മൂന്നാം തരംഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം
കൊവിഡ് വ്യാപനത്തില്‍ ഇനി കുട്ടികളും നിര്‍ണ്ണായകമാണെന്ന് നിതി ആയോഗ്. രണ്ടാം തരംഗത്തിന്‍റെ അവസാന ഘട്ടത്തിലും മൂന്നാംഘട്ടത്തിലും കൊറോണ കുട്ടികളെ സ്വാധീനിക്കാന്‍ ശേഷിയുള്ളതായാണ് സൂചന. നിലവില്‍ വളരെ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുക എന്നതിനാല്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
കൊറോണ മൂന്നാം തരംഗ സാദ്ധ്യത മുന്നില്‍ കണ്ടാണ് കേന്ദ്ര നിതി ആയോഗ് വിശദീകരണവുമായി രംഗത്തെത്തിയത്. മൂന്ന് സാദ്ധ്യതകളാണ് പറയുന്നത്. ഒന്ന് കുട്ടികള്‍ക്ക് രോഗബാധയുണ്ടാകും. ഗുരുതരമാവില്ല എന്നാല്‍ ലക്ഷണങ്ങള്‍ കാണിക്കും. മറ്റുള്ളവര്‍ക്ക് അവര്‍ വഴി രോഗം പകരും. നിതി ആയോഗ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ വി.കെ.പോളാണ് വിവരങ്ങള്‍ പങ്കുവെച്ചത്.
കുട്ടികളിലും വളരെ പ്രായമായവരിലും സാദ്ധ്യതാ നിരക്ക് ഏതാണ്ട് ഒരേപോലെയാണ്. അതിനാല്‍ ഇനി ഒരു തരംഗം ഉണ്ടായാല്‍ അത് കുട്ടികളേയും ബാധിക്കും. ആശുപത്രിയില്‍ പോകേണ്ടി വരുന്നവരുടെ എണ്ണം മൂന്ന് ശതമാനം വരെയാണ് കണക്കുകൂട്ടുന്നത്. ഇതില്‍ കൂടുതല്‍ ഓടി നടക്കുന്ന 10 വയസ്സുമുതല്‍ 12 വയസ്സുവയുള്ളവരാണ് ആഗോള ശരാശരിയില്‍ കൂടുതല്‍ രോഗബാധിതരായി കാണുന്നതെന്നും പോള്‍ വ്യക്തമാക്കി.
രണ്ടാം തരംഗത്തിന്‍റെ തീവ്രത മനസ്സിലാക്കി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാം തരംഗ സാദ്ധ്യതയുടെ പഠനം നടക്കുകയാണെന്നും എല്ലാ സംസ്ഥാനത്തെ രോഗികളുടെ വിവരങ്ങളും വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്നും വി.കെ.പോള്‍ അറിയിച്ചു.